കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കുമ്പോള്‍
കുഞ്ഞുണ്ണി മാഷിനെ കുറിച്ച് ആദ്യം അറിയുന്നത്, മാതൃഭൂമിയില്‍ മാഷ് എഴുതിയിരുന്ന ബാലപക്തിയില്‍ കൂടി ആണ്. മാതൃഭൂമിയിലേക്ക് കൊച്ചുകഥകള്‍ അയച്ചുകൊടുത്തു ഇന്നുവരും, നാളെവരും എന്ന് കാത്തിരുന്നതല്ലാതെ,ഒരു കഥയും അച്ചടിച്ച് വന്നില്ല. അങ്ങനെ വല്ലാതെ നിരാശപ്പെട്ടിരിക്കുംപോഴാണ് മാഷിന്റെ കത്ത് വരുന്നത്. കത്തില്‍ കുറച്ചു വരികള്‍ മാത്രം.
മോനേ,
കഥ വായിച്ചു. നോക്കട്ടെ..
വായിക്കുക, എഴുതുക, തിരുത്തി എഴുതുക.
കുഞ്ഞുണ്ണി മാഷ്.
അതിനു ശേഷം മാതൃഭൂമിയിലേക്ക് കഥ അയപ്പ് നിര്‍ത്തി. അപ്പോഴും, മാസിക വാങ്ങി വല്ലാതെ ഉത്സാഹത്തോടെ നോക്കാറുണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ഒരുനാള്‍ എന്റെ “നിഴല്‍മാത്രം” എന്ന കൊച്ചുകഥ അച്ചടിച്ചുവന്ന മാസിക ഇന്നും ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കഥ അച്ചടിച്ച് വന്ന മാസിക രാത്രിയില്‍ കെട്ടിപിടിച്ചു കിടാന്നാണ് ഉറങ്ങിയത്. കുറെ ആഴ്ചകള്‍ മാസികയില്‍ നോക്കി എന്റെ കഥ ഞാന്‍ പല തവണ വായിച്ചു. ഇന്നും ആ മാസിക മറിച്ചു നോക്കുമ്പോള്‍ ഞാന്‍ വല്ലാതെ ആ കാലം നഷടമായത് വേദനയോടെ ഓര്‍ക്കാറുണ്ട്.
കുഞ്ഞുണ്ണി മാഷ് നമ്മെ വിട്ടു പോയിട്ട ഈ മാര്‍ച്ച് ഇരുപത്തിആറിനു അഞ്ചു വര്‍ഷം കഴിഞ്ഞു. മാസികയില്‍ കഥ വന്നതിനു ശേഷവും ഞാന്‍ കുഞ്ഞുണ്ണി മാഷ് ആരാണ്, എന്താണ് എന്നെനിക്കു അറിയില്ലായിരുന്നു. കുറെ കഴിഞ്ഞാണ് ദൂരദര്‍ശനില്‍ മാഷുമായി വന്ന അഭിമുഖം കാണാനിടയാത്. അന്ന് ഞാന്‍ മാഷിനെ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിരുന്ന ഒരാളെ ആയിരുന്നില്ല. കുറിയമുണ്ടും എന്റെ അമ്മച്ചി ഉടുത്തിരുന്ന ചട്ടപോലത്തെ ഷര്‍ട്ടും ആണ്, ആ കൊച്ചുമനുഷ്യന്റെ വേഷം. അതെന്നെ വല്ലാതെ അമ്പരപ്പെടുത്തി. പിന്നീട് മാഷ് ആരാണ്..? മാഷ് എന്താണ് എന്ന് മനിസിലാക്കാനുള്ള അതീവമായ ശ്രമമായി. അതിന്റെ ഫലമായി, മാഷിന്റെ കുറെ പുസ്തകങ്ങള്‍ വാങ്ങി വായന തുടങ്ങി. അന്ന് എന്നെ ഏറെ ചിന്തിപ്പിച്ച ഒരു രണ്ടു വരി ഉണ്ട്.
” വായിച്ചാലും വളരും
വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും.”.
അമ്മയുടെ മരണത്തോടെയാണ്, ഞാന്‍ മാഷിനു ആദ്യമായി കത്തെഴുതുന്നത്. കത്തിന് മറുപടി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും, ഒരു കാര്‍ഡില്‍ മറുപടി വന്നു. പിന്നീട് ഒരു സ്ന്കൊച്ചവും കൂടാതെ മാഷിനു കത്തുകള്‍ എഴുതുകയും, അതിനെല്ലാം ആ കൊച്ചു മനുഷ്യന്‍ മറുപടി എഴുതുകയും ചെയ്തു. ആ വലിയ മനുഷ്യന്‍ അങ്ങനെ ആയിരിന്നു. അതാണ് മാഷ്. അതുകൊണ്ടാണു മാഷ് പാടിയത്.
“ഞാന്‍ വലുതാകില്ല
ഞാന്‍ വലുതാകുന്നുണ്ട്”
ഞാന്‍ ജോലിയുമായി എറണാകുളത്ത്, സ്ഥിരമായപ്പോള്‍ അദ്ദേഹത്തെ നേരിട്ട് കാണുവാനായി ഒരു ദിവസം ഒരു കത്തെഴുതി. അതിനു മറുപടി പെട്ടെന്ന് വന്നു. ചെന്ന് കണ്ടപ്പോള്‍ മാഷ് കസേലയില്‍ ചാരി കിടക്കുകയായിരുന്നു. പേടിയോടെ ആണ് സമീപിച്ചതെങ്കിലും, അദ്ദേഹത്തിന്റെ വളരെ ലളിതമായ ഇടപെടല്‍ ആ മനുഷ്യന്‍ ഒരു വലിയ കാലാകാരന്‍ എന്നതിനപ്പുറം ഒരു വലിയ മനുഷ്യ സ്നേഹി കൂടി ആണ് എന്ന് തിരിച്ചറിയുകായിരുന്നു. മാഷ് മരിക്കുമ്പോള്‍ ഞാന്‍ സൌദിയിലായിരുന്നു. ഇന്ന് മാഷിനെ ഓര്‍ക്കാന്‍ ഒരു കാരണം കൂടി ഉണ്ട്. അദ്ദേഹത്തിന്റെ മാഷും കുട്ട്യോളും എന്നുള്ള പുസ്തകം വായിക്കുവാനിടയായി. അതില്‍ നിന്ന് കുറച്ചു നല്ല വരികള്‍ (എനിക്കിഷ്ടമായത്) നിങ്ങള്‍ക്കായി പങ്കു വെയ്ക്കുന്നു.
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
ആരാ? എവിടുന്നാ? ന്താവന്നേ?
ഞാൻ എന്നോട് തന്നെ നൂറാവർത്തി ചോദിച്ച ചോദ്യം
ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.
കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ
എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍
മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ
മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി
എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ
ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല.
ഒരുമയുണ്ടെങ്കില്‍ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ലെങ്കില്‍ കിടക്കേയും ഉലയ്ക്കാലോ
ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍
കപടലോകത്തിലെന്റെ കാപട്യങ്ങള്‍
സകലരും കാണ്‍മതാണെന്‍ പരാജയം
എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി
എനിക്ക് പൊക്കം കുറവാ-
നെന്നെ പോക്കതിരിക്കുവിന്‍
ആന പോകുന്ന പൂമരത്തിന്റെ
ചോടെ പോകുന്നതാരാടാ
ആരാനുമല്ല, കൂരാനുമല്ല
കുഞ്ഞുണ്ണിമാഷും കുട്ട്യോളും
ഈ വരികള്‍ തന്നെ സൂചിപ്പിക്കുന്നു, മാഷിന്റെ മനസ്സും…മാഷിന്റെ നൊമ്പരവും… ആ വലിയ കൊച്ചു മനുഷ്യനെ ഇന്നും വേദനയോടെ സ്മരിക്കുകയാണ്. എന്റെ അമ്മയുടെ മരണത്തില്‍ വേദനിചിരിക്കുംപോള്‍ , എല്ലാ തിരക്കുകളിലും എനിക്ക് ഒരു കാര്‍ഡ് കുറിച്ചിട്ട ആ വലിയ എഴുത്തുകാരനെ മനസാല്‍ നമിക്കുന്നു.
“പൊക്കമില്ലായ്മയാണ് എന്റെ പൊക്കം”.അതെ അതുവളരെ ശരിയാണ് .
120 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







