എന്‍ഡോസള്‍ഫാന്‍ രാഷ്ട്രീയവും ചില വീണ്ടുവിചാരങ്ങളും…
നമ്മള്‍ ആഗ്രഹിച്ചിരുന്നത് പോലെ ജനങ്ങളെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന കൊടും വിഷം ആഗോളതലത്തില്‍ നിരോധിക്കപ്പെട്ടിരിക്കുയാണ്. ഈ നിരോധനം കൊണ്ട്, ഒറ്റ രാത്രികൊണ്ട് ഇവിടെ നിന്നും എന്‍ഡോസള്‍ഫാന്‍ അപ്രത്യക്ഷമാകും എന്ന് കരുതണ്ട. ഇപ്പോള്‍ ആഗോളതലത്തില്‍ നിരോധിക്കപെട്ടതില്‍ നാം അധികം സന്തോഷിക്കാം. ഇത് സാധാരണ ജനങ്ങളുടെ, ആശയറ്റവരുടെ, പ്രതീക്ഷയറ്റവരുടെ, സഹനത്തിന്റെ / പ്രതിഷേധത്തിന്റെ വലിയവിജയം കൂടിയാണ്. ഈ വിജയം കോണ്‍ഗ്രസ്സിനെക്കള്‍ കൂടുതല്‍ മധുരം നല്‍കുക ഇടതുപക്ഷത്തിനാവും, അതിനാക്കളെറെ വി.എസ് എന്ന ഒറ്റയാന്റെ മറ്റൊരു സമരവിജയം കൂടി എന്ന് തന്നെ വിശേഷിപ്പിക്കാം.
ഇനി അല്പം രാഷ്ട്രീയം.
രണ്ടായിരത്തി നാലില്‍ ആണ് അവസാനമായി ഹൈക്കോടതി ഇടപെടല്‍ മൂലം എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കപ്പെട്ടത്. ഇതിനു മുന്‍പ് പലതവണ നിരോധിക്കപെട്ടിട്ടുണ്ടെങ്കിലും അതെല്ലാം വെള്ളത്തിലെ വരകള്‍ പോലെ എങ്ങും തൊടാതെ മാഞ്ഞു പോകുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ എത്രമാരകമായ കൊടും വിഷം ആണന്നു തെളിവ് സഹിതം ബോധ്യപ്പെട്ടതിനാലാണ് അന്ന് കോടതി അതിനെ നിരോധിച്ചത്, എന്നാല്‍ വെറും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മാത്രമായി അതിനെ കണ്ട ഇടതു-വലതു മുന്നണികള്‍ ഒരു പോലെ അത് അട്ടിമറിച്ചു എന്ന് പറയുന്നതാവും ഏറെ ശരി. ഇപ്പോള്‍ തന്നെ ഇടതുപക്ഷത്തിനു കിട്ടുന്ന ജനപിന്തുണ കോണ്‍ഗ്രസ്സിന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. അതെങ്ങനെയെങ്കിലും ഇല്ലാതെയാക്കുക എന്നത് മാത്രമാണ് ഈ അവസരത്തിലും അവര്‍ ഒളിഞ്ഞും തെളിഞ്ഞും കാണിച്ചു കൂട്ടുന്നത്. അല്ലാതെ ജനപക്ഷത്ത് നിന്ന് ചിന്തിക്കുവാനും, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും ഇപ്പോഴും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. ഈ വകതിരിവില്ലായ്മയ്ക്ക് കാലത്തിനോട് കണക്കു പറയേണ്ടി വരും എന്ന് മാത്രം ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിന് വ്യക്തമായ കാഴ്ചപാടുകള്‍ ഒന്നും ഉള്ളതായി തോന്നുന്നില്ല, വേണം എന്നും വേണ്ട എന്നും രണ്ടു പക്ഷമുള്ളത് പോലെയാണ് അവരുടെ എല്ലാ നടപടികളും. കേരളത്തിലെ കോണ്‍ഗ്രസ്സും, കേന്ദ്രത്തിലെ കോണ്‍ഗ്രസ്സും രണ്ടു തട്ടിലാണ്. ആരാണ് ജനങ്ങള്‍ക്കൊപ്പം, എന്ന് പറയുക അല്പം പ്രയാസമുള്ള കാര്യമാണ്. ഇടതുപക്ഷം പ്രതിഷേധകൊടുംകാറ്റ് അഴിച്ചു വിട്ടപ്പോള്‍ അതിലന്ധാളിച്ചു, നോക്കി നിക്കുവാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളു. അതിനൊപ്പം ചേരാന്‍ എന്നെത്തെയും പോലെ രാഷ്ട്രീയപാപ്പരത്തം സമ്മതിച്ചതുമില്ല. ജങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ എല്ലാ രാഷ്ട്രീയ താത്പര്യങ്ങളും മാറ്റിവെച്ചു സമരമുഖത്ത് നിറഞ്ഞു നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഇടതിന് കിട്ടിയതിനേക്കാള്‍ വലിയ പ്രതിച്ചായ കോണ്‍ഗ്രസ്സിന് കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയുമായിരുന്നു. അതിനു ധിഷ്ണതയുള്ള, ജനങ്ങളോട് ആത്മാര്‍ഥതയുള്ള ഒരു നല്ല നേതൃത്വം ആവശ്യമാണ്. ജനങ്ങള്‍ക്ക് എതിരെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന ഒരു കോണ്‍ഗ്രസ്സായി മാറാതിരുന്നാല്‍ അത് അവരുടെ വരുംകാല നിലനില്പിന് ഏറെ ഗുണകരമാകും.
തെരഞ്ഞെടുപ്പു നാളുകളില്‍ വി.എസ് എന്ന ജനനേതാവിന്റെ ജനപിന്തുണ നാം കണ്ടതാണ്. അതെ ജനപിന്തുനയുമായി വി.എസ് അണ്ണാ ഹസാരെ വിഷയത്തിലും അതാവര്‍ത്തിച്ചു. എന്നാല്‍ അതിനെക്കാളും ശക്തമായ പിന്തുണയുമായി കൊടുംവിഷമായ എന്‍ഡോസള്‍ഫാനതിരെ ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടി പോലും ശരിക്കും ഞെട്ടി. മുഖ്യന്റെ കസേരയില്‍ ഇരുന്നു അദ്ദേഹം ചെയ്യുന്നത് സ്വന്തം അകൌണ്ടിലേക്ക് പോകാതെ പാര്‍ട്ടി അക്കൌണ്ടിലേക്ക് വന്നു ചേരേണ്ടത് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. അങ്ങനെ വരുമ്പോള്‍ വി.എസ്സില്‍ നിന്നും എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ സമരം പാര്‍ട്ടി ഏറ്റെടുത്തു ഹര്‍ത്താല്‍ രൂപത്തില്‍ ജനസമക്ഷം അവതരിപ്പിച്ചു എന്ന് പറയുന്നതാവും ശരി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ എന്തിനു, ബി.ജെ.പി പോലും വി.എസ്സിന്റെ സമരത്തില്‍ പങ്കാളിയായപ്പോള്‍ ശരിക്കും ഉയര്‍ന്നത് വി.എസ് എന്ന ഒറ്റയാന്റെ ഗ്രാഫ് വളരെയധികം വേഗം ഉയരുന്നത്, പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിലനില്‍ക്കുന്ന ഒരു ജനാതിപത്യപാര്‍ട്ടിയ്ക്ക് എങ്ങനെ നോക്കി നില്‍ക്കാനാവും..?
ഒറ്റയാള്‍ പോരാട്ടത്തിലൂടെ വി.എസ് നേടിയെടുത്തിട്ടുള്ള വ്യക്തിഗതനേട്ടങ്ങള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ സ്വന്തം മാത്രമാണ്. അതില്‍ പാര്‍ട്ടി പങ്കു പറ്റുന്നുവെന്നെയുള്ളൂ. മൂന്നാര്‍ വിഷയത്തില്‍ പാര്‍ട്ടിനേതാക്കള്‍ രണ്ടു തട്ടില്‍ നിന്നത് നശിപ്പിച്ചത് നാം കണ്ടതാണ്. ഏതായാലും ഒറ്റ ആശ്വാസം മാത്രം എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ അവര്‍ ഒറ്റകെട്ടായി നിന്നത് അല്പം ആശ്വാസം നല്‍കുന്നു.ഇത് എല്ലാക്കാലത്തും ഇങ്ങനെ തുടര്‍ന്നാല്‍ നന്നായിരുന്നു. വി.എസ് തുടങ്ങി വെച്ച ഈ പോരാട്ടങ്ങള്‍ അദ്ദേഹത്തിലെ പഴയകാല പ്രതിപക്ഷനെതാവിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ഇനി ഒരിക്കല്‍ കൂടി മുഖ്യന്റെ കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ തുടരാന്‍ ആഗ്രഹിക്കുന്ന ജനപക്ഷ നിലപാടുകളുടെ ഒരു തുടക്കം തന്നയല്ലേ ഇതെന്ന് അദ്ദേഹത്തിനു നന്നായറിയാം. അത് അദ്ദേഹത്തിനു മുഖ്യന്റെ കസേരയില്‍ ഇരിക്കുന്നതിനേക്കാള്‍ നന്നായി പുറത്ത് നിന്ന് ചെയ്യാന്‍ കഴിയുമെന്ന് ഈ വിഷയങ്ങള്‍ സൂചിപ്പിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം കേരളം മുഴുവനും അഞ്ഞടിച്ചപ്പോള്‍ പ്ലാന്റെഷന്‍ കോര്‍പ്പരേഷനിലെ സി.ഐ.റ്റി.യു വിഭാഗം മാത്രം എന്തുകൊണ്ട് സമരത്തില്‍ നിന്നും, ഹര്‍ത്താലില്‍ നിന്നും വിട്ടുനിന്നു എന്ന് കൂടി പാര്‍ട്ടി ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും…? തൊഴിലവകാശങ്ങള്‍ സംരക്ഷിക്കപെടുക തന്നെ വേണം,അല്ല എന്ന് പറയുന്നില്ല. അത് എല്ലായിപ്പോഴും നടത്തുന്ന ഹര്‍ത്താലുകളില്‍ കൂടി ബാധകമാണന്നു സി.ഐ.റ്റി.യു നേതൃത്വം മനിസിലാക്കിയാല്‍ നന്നായിരുന്നു.
ഇനി വീണ്ടും എന്‍ഡോസള്‍ഫാനിലേക്ക്
നിരോധനം ചില ഉപാധികളോടെ മാത്രമാണ് ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ളത്. തേയില, കാപ്പി, നെല്ല്, ഗോതമ്പ്,മാവ് (ഇതു മാവെന്നു വ്യകതമല്ല. കശുമാവാണോ, വെറും മാവാണോ…?) തുടങ്ങിയ ചില കാര്‍ഷിക വിളകള്‍ക്ക് ഇപ്പോഴും ഉപയോഗിക്കാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലയിക്കപ്പെടുന്നത് മുകളില്‍ പറഞ്ഞ വിളകള്‍ ആകുമ്പോള്‍ വീണ്ടും ഉപയോഗം പതിന്മടങ്ങ് / നിലവിലുള്ളതിനേക്കാള്‍ വര്‍ദ്ധിക്കും എന്ന് തന്നെ അനുമാനിക്കാം. അങ്ങനെ വരുമ്പോള്‍ നിരോധനം എന്ന് പറയുന്നത് കര്‍ഷകരുടെ പേര് പറഞ്ഞു താത്കാല്ത്തെക്ക് എന്ന മട്ടില്‍ നീട്ടി കൊണ്ട് പോകാനാകും. അതിനും പുറമേ, ഇന്ത്യയില്‍ ഇത് നിയമമാകണമെങ്കില്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കണം. അത് നടപ്പാകാതെ നീട്ടി കൊണ്ട് പോയാലും മതി. അപ്പോഴും ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അതേപടി തന്നെ തുടരും.
എന്‍ഡോസള്‍ഫാനെക്കളും മാരകമായ വിഷങ്ങള്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ എന്തിനു എന്‍ഡോസള്‍ഫാന്‍ മാത്രം ഒരു വലിയ സംഭവമായി മുന്നില്‍ വന്നു. നമ്മുടെ മുന്നിലെ തെളിവുകള്‍ (കേന്ദ്ര സര്‍ക്കാര്‍ കണ്ടിട്ടും കാണാതെ പോയവ) ആണ് പ്രധാനമായും എന്‍ഡോസള്‍ഫാനെതിരെ തിരിയാന്‍ നമ്മെ പ്രേരിപ്പിച്ചത്. എന്നാല്‍ ചെറിയ ദുരിതങ്ങളുമായി, പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന അനേകം വിഷങ്ങള്‍ കൂടി നിരോധിക്കണം. അതിനിനി എത്രനാള്‍ കാത്തിരിക്കേണ്ടി വരും എന്ന് മാത്രം നോക്കിയാല്‍ മതി.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കപെട്ടു എങ്കിലും, കര്‍ഷകര്‍ അതുപയോഗിക്കാതെ ജൈവകൃഷി രീതിയിലേക്ക് വഴിനടത്തുവാന്‍ നമ്മുടെ കൃഷി വകുപ്പിന് സാധിക്കണം. അതിനുള്ള പദ്ദതികള്‍ കാര്‍ഷിക വിദഗദ്ദരുമായി ആലോചിച്ചു തീരുമാനിക്കണം. സമ്പൂര്‍ണ്ണ ജൈവജില്ലയായി പ്രഖ്യാപിച്ച കാസര്‍ഗോഡിനെ അങ്ങനെ നിലനിര്‍ത്താന്‍ ഉള്ള ബാധ്യത സര്‍ക്കാരിനെക്കാളും അവിടുത്തെ സാധാകര്‍ഷകരില്‍ ആണ്. അതിനാല്‍ അവരിലേക്ക് ഇറങ്ങി ചെന്ന് ജൈവകൃഷിയുടെ പ്രാധാന്യം വ്യകതമാക്കി കൊടുക്കുകയും അതിനു വേണ്ട തുടര്‍നടപടികള്‍ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. നിലവില്‍ വന്‍കിട തോട്ടങ്ങളിലും, കടകളിലും പരിശോധനകള്‍ കര്‍ശനമാക്കി നിരോധനം പൂര്‍ണ്ണമായും സര്‍ക്കാര്‍ അധീനതയില്‍ കൊണ്ടുവരാന്‍ സാധിക്കണം. എറണാകുളം ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈട്സ് ലിമിറ്റഡില്‍ തുടരുന്ന എന്‍ഡോസള്‍ഫാന്‍ ഉത്പാദനം കേദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടണം.
ഇതുകൊണ്ടും തീര്‍ന്നില്ല, എല്ലാം നമ്മള്‍ തന്നെ വിചാരിക്കാതെ ഏതൊരു കാര്യവും വേണ്ടാന്നും വേണമെന്നും വിചാരിക്കാന്‍ കഴിയൂ. എന്‍ഡോസള്‍ഫാന്‍ അതിനൊരു നല്ല ഉദാഹരണം കൂടിയാണ്.
94 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







