വായനാദിനത്തിലെ അച്ഛന്‍ദിനചിന്തകള്‍
ജൂണ്‍ പത്തൊന്‍പത് വായനാദിനവും ഒപ്പം അച്ഛന്‍മ്മാര്‍ക്ക് വേണ്ടിയുള്ള ദിനം കൂടിയാണ്. എല്ലാ അച്ഛന്‍മ്മാര്‍ക്കും വായനയെ ഗൌരവമായി കാണുന്ന എല്ലാ നല്ലവരായ എല്ലാ വായനക്കാര്‍ക്കും ഒരുമിച്ചൊരു അച്ഛന്‍ദിന- വായനാദിനാശംസകള്‍
ഈ വായനാദിനത്തില്‍ എനിക്ക് ആദ്യം ഓര്‍മ്മയില്‍ വരിക എപ്പോഴും എന്റെ പപ്പാ തന്നെയാണ്. എന്റെ വായനയുടെ ആദ്യഘട്ടം തുടങ്ങുന്നത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അന്നാണ് ആദ്യമായി എന്റെ പപ്പാ എനിക്ക് മാര്‍ത്തോമ്മ സഭയിലെ വലിയതിരുമേനിയുടെ (അലക്സാണ്ടര്‍ വലിയ തിരുമേനി – ജീവിതപ്രകാശം) ജീവചരിത്രം (68 പേജ്) വാങ്ങിത്തന്നത്. അന്ന് അത് ഒറ്റയിരുപ്പില്‍ വായിച്ചു. പിന്നീട് പലതവണ വായിച്ചു. അതുകൊണ്ടാവും അലകസാണ്ടര്‍ തിരുമേനിയെ തിരുവല്ല പുലാത്തീനില്‍ കണ്ടപ്പോള്‍ അതിശയത്തോടെ ആ ലളിത ജീവിതരീതി നോക്കി നിന്ന് പോയത്.
അതിനു ശേഷം എന്റെ വായനയെ തിരിച്ചറിയുകയും ബാലരമയും, പൂമ്പാറ്റയും ഒക്കെ വാങ്ങിത്തന്നു അതിനെ പരന്ന,വിശാലമായ ആഴപ്പരപ്പിലേക്ക് കൈപിടിച്ച് നടത്തുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അമര്‍ ചിത്രകഥയിലൂടെ ചരിത്രത്തിലേക്കും പുരാണകഥകളിലേക്കും വഴിതിരിച്ചു വിട്ടതും പപ്പയായിരുന്നു. അങ്ങനെ എന്റെ വായനയെ, എന്നിലെ കൊച്ചു കലാകാരനെ ആദ്യാമായി തിരിച്ചറിഞ്ഞതും അതിനെ ഇന്നും പഴയതുപോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ എന്നനിലയില്‍ മാറിനിന്നു നോക്കുമ്പോള്‍ അങ്ങേയറ്റത്തെ ബഹുമാനവും സ്നേഹവും തോന്നുകയാണ്. എന്നും എന്റെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അതിനെക്കാളേറെ എന്റെ അത്യാവശ്യങ്ങളെ അതിയായി സാധിച്ചുതരികയും ചെയ്ത ഒരു ബാല്യം ആയിരുന്നു എന്റേത്.
എന്റെ കൌമാരവും ബാല്യവും എല്ലാം പട്ടാളച്ചിട്ടയില്‍ ആയിരുന്നു. അതുകൊണ്ട് ആ കാലത്ത് എനിക്ക് അധികം സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. പിന്നീട് യൌവനത്തില്‍ എത്തിയപ്പോഴാണ് ശരിക്കും പുസ്തകങ്ങളുമായി ഏറെ അടുത്ത് ഇടപഴകുവാന്‍ ഇടയായത്. അതുവഴി ലഭിച്ച നല്ല ബന്ധങ്ങളും, കൂട്ടുകാരും കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജില്ലകളില്‍ വലിയ സഹൃദങ്ങളായി ഇന്നും നിലനില്‍ക്കുന്നു. എന്റെ വീടിനടുത്തുള്ള ഗാന്ധിജി സ്മാരക ഗ്രന്ഥശാലയില്‍ നിന്നും പുസ്തകങ്ങള്‍ ധാരാളമായി വായിക്കുവാന്‍ ഇടയായ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഇന്ന് എത്ര പേര്‍ വായനശാലകളില്‍ പോയി പുസ്തകങ്ങള്‍ എടുത്തു വായിക്കാറുണ്ട് എന്നുള്ളത് ഒരു ചര്‍ച്ച തന്നെ വേണ്ടി വരുന്ന വിഷയമാണ്.
എറണാ കുളത്ത് ജോലി കിട്ടി നാട്ടില്‍ നിന്നും മാറി നിന്നതിനു ശേഷമാണ് ഡി.സി ബുക്സിലും, കറന്റ് ബുക്സിലും പോയി പുസ്തകങ്ങള്‍ വാങ്ങിവായിക്കുക എന്നാ പതിവ് തുടങ്ങിയത്. ആദ്യമൊക്കെ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഭയമായിരുന്നു. പപ്പാ അതിനെ എങ്ങനെ കാണും എന്നുള്ളതായിരുന്നു. എന്നാല്‍ ഞാന്‍ വാങ്ങികൊണ്ടുവരുന്ന പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ഒഴിവു സമയങ്ങളില്‍ അദ്ദേഹവും വായിക്കാറുണ്ട് എന്നുള്ളത് പിന്നീട് തിരിച്ചറിഞ്ഞ ഒരു കാര്യമാണ്. അപ്പോഴേക്കും ബുക്ക് ക്ലുബില്‍ മെമ്പര്‍ ആയതോടെ പുസ്തകങ്ങള്‍ ധാരാളമായി കിട്ടുവാനും തുടങ്ങി. ഇന്നും പള്ളിപ്പാട്ടെ എന്റെ വീട്ടില്‍ ധാരാളം പുസ്തകങ്ങള്‍ പപ്പാ ഭദ്രമായി തന്നെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ എന്റെ വായനാ സംസ്കാരത്തില്‍ എന്നും അഭൂതപൂര്‍വ്വമായ പങ്കു വഹിച്ചയാള്‍ എന്ന നിലയില്‍ ഇന്നും പപ്പയോടു എനിക്ക് അടങ്ങാത്ത ബഹുമാനവും ഒപ്പം ആദ്രമായ ഒരു സ്നേഹവും ഉള്ളില്‍ കാത്തുസൂക്ഷിക്കുന്നു.
ഹാപ്പി ഫാദര്‍സ് ഡേ ആന്‍ഡ് എ ഹാപ്പി റീഡ്ഇന്‍ഗ് ഡേ.
94 total views, 2 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







