അഴീക്കോട് മാഷിനെ ഓര്‍ക്കുമ്പോള്‍ – ഭാഗം രണ്ട്
അഴീക്കോട് മാഷിനെ നേരില്‍ കാണുന്നത് അതിനും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലില്‍ മാര്‍ച്ചിലോ ഏപ്രിലോ ആണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് ബോയ്സ് ഹൈസ്കൂളില്‍ വെച്ച് ഒരു സാഹിത്യസമ്മേളനം നടക്കുകയുണ്ടായി. അന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍ക്ക് മാത്രമായിരുന്നു സമ്മേളനവേദികളില്‍ കയറുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഓരോ ദിവസത്തെയും പരിപാടികളും സംവാദങ്ങളും, അഭിമുഖങ്ങളും, പ്രഭാഷണങ്ങളും അച്ചടിച്ച നോട്ടീസ് ആവേശത്തോടെ നോട്ടുബുക്കില്‍ വെച്ച് ദിവസവും സൈക്കിള്‍ ചവുട്ടി ഹരിപ്പാട്ടേക്ക് പാഞ്ഞത് ഇന്നും അങ്ങനെ പച്ച പിടിച്ചു മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എങ്ങനെയും സമ്മേളനവേദിയില്‍ കടക്കുക, ഒരുനോക്കു പ്രഗതഭാരായ സാഹിത്യകാരന്‍മ്മാരെ നേരിട്ട് കാണുക, ഓട്ടോഗ്രാഫ് വാങ്ങിക്കുക അതുമാത്രമാണ് ലക്ഷ്യം. മാതൃഭൂമിയുടെയും, കലാകൌമുദിയുടെയും, ഭാഷാപോഷിണിയുടെയും ഒക്കെ താളുകളില്‍ നിറഞ്ഞു നില്‍ക്കുന്നവരെ ഒന്ന് നേരില്‍ കാണുക എന്നത് മാത്രമായിരുന്നു മുന്നില്‍ .
സമ്മേളനവേദിയുടെ അടുത്തെങ്ങും അടുക്കാന്‍ പോയിട്ട് ഇങ്ങോട്ടും കയറുവാന്‍ കഴിയാതെ പ്രയാസപ്പെട്ടു നില്‍ക്കുമ്പോഴാണ് സമാപനസമ്മേളനത്തിന്റെ നോട്ടീസ് കൈയ്യില്‍ കിട്ടുന്നത്. ബോയ്സ് ഹൈസ്കൂളിന്റെ വലിയ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സമ്മേളനവേദിയില്‍ പൊതുജനത്തിനു കൂടി തുറന്നു കൊടുത്തുകൊണ്ടാണ് വേദി ഒരുക്കിയിരിക്കുന്നത്. അത് വായിച്ചതും ഞാന്‍ എന്തെന്നില്ലാതെ സന്തോഷത്താല്‍ സൈക്കിള്‍ തിരിച്ചു ബോയ്സ് ഹൈസ്കൂളിന്റെ, നാഷണല്‍ ഹൈവയോടെ ചേര്‍ന്നുള്ള കവടത്തിനരുകെ ചെന്ന് നോക്കി സംഭവം ശരിയാണ് എന്നുറപ്പിച്ചു. നോട്ടീസിലെ പ്രശസ്തരായവര്‍ ഒന്നിലധികമാണ്. സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, തകഴി ശിവശങ്കര പിള്ള, പൊന്‍കുന്നം വര്‍ക്കി, സുകുമാര്‍ അഴീക്കോട്, കെ.പി അപ്പന്‍, കെ.ആര്‍ ഗൌരി അമ്മ, കാക്കനാടന്‍, എം.കെ സാനു, ബി.ഹൃദയകുമാരി, കമല സുരയ്യ, പുനത്തില്‍ കുഞ്ഞബ്ദുള്ള അങ്ങനെ ലിസ്റ്റ് നീളുകയാണ്. ഞാന്‍ കാണുവാന്‍ കൊതിച്ചിരുന്നവര്‍ ഒറ്റയടിക്ക് മുന്നിലേക്ക്..
സമ്മേളനം നടക്കുന്നത് വൈകുന്നരം നാല് മണിക്കാണ്. ഞാന്‍ നേരത്തെ തന്നെ സ്പോട്ട് പിടിച്ചു. എങ്ങനെയും പോലീസിനെ വെട്ടിച്ചു സമ്മേളന വേദിക്കരുകില്‍ എത്താനായിരുന്നു എന്റെ ശ്രമം. ഇത്രയധികം പോലീസിനെ ഒരുമിച്ചു കാണുന്നത് അന്നാദ്യമായാണ്. ചുവപ്പിലും വെള്ളയിലും നന്നായി അലങ്കരിച്ചിരിക്കുന്ന വേദിയില്‍ നേരെത്തെ തന്നെ സ്ഥാനം പിടിച്ചവരുടെ കൂട്ടത്തില്‍ കാക്കനാടനും, കെ.പി. അപ്പനും മാത്രമേയുള്ളൂ. നാലുമണിക്ക് തുടങ്ങും എന്നറിയിച്ചിരുന്ന സമ്മേളനം തുടങ്ങിയപ്പോള്‍ നാലെമുക്കാലെങ്കിലും ആയിക്കാണും. പതിവ് പോലെ താമസിചെത്തിയത്, വെളുത്ത അനേകം കാറുകളുടെ അകമ്പടികളോടെ ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന കേരളരാഷ്ട്രീയത്തിലെ ബുദ്ധിജീവിയായിരുന്നു. അതിനു തൊട്ടുമുമ്പാണ് തന്റെ വെള്ള മാരുതികാറില്‍ അഴീക്കോട് മാഷ് എത്തിയത്. അധികം നീളമില്ലാത്ത മെല്ലിച്ച ആ മനുഷ്യനെ ആദരപൂര്‍വ്വം ഞാന്‍ നോക്കി നിന്നു. വായനയില്‍ , കേള്‍വിയില്‍ എന്നും വിസ്മയമായി നിലകൊണ്ടിരുന്ന അതെയാള്‍ മുന്നില്‍ അങ്ങനെ ജീവനോടെ നില്‍ക്കുമ്പോള്‍ അതുഭുതമല്ലാതെ വേറെന്തു…? അതിലേറെ ഒന്നടുത്തുചെന്നു കാണുവാന്‍ ആ തിക്കിലും തിരക്കിലും ഞാനും കിണഞ്ഞു ശ്രമിച്ചു.
സമ്മേളനം ഉത്ഘാടനം ചെയ്തത് ഇ.എം എസ് ആയിരുന്നു. മാഷിന്റെ പ്രസംഗം എത്തിയപ്പോഴേക്കും സമയം ഏതാണ്ട് സന്ധ്യയായി. മാഷ് പതുക്കെ തുടങ്ങുകയായി. പതിഞ്ഞ ശബ്ദത്തില്‍ ചെറുതായി നിറുത്തി… അന്ന് തകഴിയെ പറ്റി അഴീക്കോട് മാഷ് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മയില്‍ അതേപോലെ തന്നെ നില്‍ക്കുകയാണ്. “തകഴി ഒരു സാഹിത്യകാരനല്ല.” ഒരു നിമിഷം വല്ലാത്ത നിശബ്ദത. “അതെ തകഴി ഒരു സാഹിത്യകാരനല്ല.” അനേകം ഫ്ലാഷുകള്‍ മിന്നി. മാഷ് തുടര്‍ന്നു: “തകഴി ഒരു വെറും സാഹിത്യകാരന്‍ അല്ല. വിശ്വസാഹിത്യകാരന്‍ ആണ്. തകഴിയുടെ ഒട്ടകത്ത മതി തകഴി വിശ്വ സാഹിത്യകാടന്‍ ആണ് എന്ന് തെളിയിക്കുവാന്‍ ‘വെള്ളപൊക്കത്തില്‍ ‘ എന്ന കഥ മാത്രം ” അതിനു ശേഷമാണു ഞാനും വെള്ളപൊക്കത്തില്‍ വായിക്കുന്നത്. മെല്ലെ തുടങ്ങി വാക്കുകളുടെ അലയടികള്‍ കൊണ്ട് ഒരു കസര്‍ത്ത്. അതാവാം അമ്മഷിന്റെ പ്രസംഗങ്ങളെ സാഗരഗര്‍ജ്ജനം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സമ്മേളനം തീര്‍ന്നപ്പോള്‍ ഏതാണ്ട് എട്ടുമണി ആയിക്കാണും. ഞാന്‍ കാത്തുനിന്നു ഓരോട്ടോഗ്രാഫിനായി.
മാഷിന്റെ കൈയ്യില്‍ നിന്നും ഒരോട്ടോഗ്രാഫ്. അന്ന് ഓട്ടോഗ്രാഫ് കളക്റ്റ് ചെയ്യുക ഒരു ഹോബിയായി കൊണ്ട് നടന്ന കാലം കൂടിയായിരുന്നു. ഏതാണ്ടെല്ലാ പ്രശസ്തരായവരുടെയും കൈയ്യൊപ്പുകള്‍ ഇന്ന് എന്റെ പക്കല്‍ ഉണ്ട്. മാഷ് പുറത്തിറങ്ങിയതും ഞാന്‍ ഒറ്റൊഗ്രാഫിനായി മടിച്ചു പേപ്പര്‍ നീട്ടി. എന്റെ മുഖത്തേക്ക് നോക്കി ഒരു ചോദ്യം.
“എന്ത് ചെയ്യുന്നു…?”
“ഡിഗ്രിക്ക് പഠിക്കുന്നു..?”
“വായിക്കാറുണ്ടോ…?”
“ഉണ്ട്..”
“നന്നായി വായിക്കുക. പേര്…,?
“റ്റോംസ്”
മാഷെഴുതി: ….”സ്നേഹപൂര്‍വ്വം ടോംസിന്, …. സുകുമാര്‍ അഴീക്കോട്..”,”
ഇതികൂടുതല്‍ എനിക്കെന്തു വേണം. അതിനെ ശേഷം മാഷിനെ ഇടവകപള്ളിയുടെ ഒരു ഏകദിനസമ്മേളനത്തിനായി വിളിച്ചു. എറണാകുളത്തെക്ക് ചേക്കേറിയപ്പോള്‍ മാഷിന്റെ പ്രഭാഷണ പരമ്പരകള്‍ മിക്കവാറും എവിടെയെങ്കിലും കാണും. അതേ, അതെല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ പൊയ്പോയ വലിയ കാലങ്ങളുടെ നല്ല നിമിഷങ്ങളാണ്. ഇന്ന് മാഷില്ല… എങ്കിലും ആ ഓര്‍മ്മകള്‍ ഇന്നും എന്നിലുണ്ട്. അത് നല്‍കുന്ന ചെറിയ വേദനയോടു കൂടിയ സുഖവും.
അഴീക്കോട് മാഷിനെ ഓര്‍ക്കുമ്പോള്‍ – ഭാഗം ഒന്ന്
98 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







