നാണമില്ലേ, നോക്കുകൂലി വാങ്ങി മിണുങ്ങാന്‍…?
ഇല്ലാത്ത കാശ് കടം വാങ്ങിയാണ് തീവില കൊടുത്തു കുഞ്ഞമ്പുവിന്റെ കൈയ്യില്‍ നിന്നും ഒരു ലോഡ് ചാണകം വാങ്ങിയത്. വാങ്ങിയത് ഇപ്പോള്‍ പുലിവാല്‍ ആയിരിക്കുകയാണ്. വര്‍ഷകാലം കഴിഞ്ഞു തെങ്ങിനും വാഴയ്ക്കും അല്പം ചാണകം പതിവ് പോലെ ഇടാമെന്ന് കരുതിയാണ്, ചാണകം നിര്‍ബന്ധമായും വാങ്ങിയത്. ചാണകം വീട്ടിലെത്തിയപ്പോള്‍ ഒരു പ്രശനം…ആരിറക്കും..? നാട്ടിലാണെങ്കില്‍ പണ്ടത്തെ പോലെ ആരെയും ഒട്ടു കിട്ടാനുമില്ല. പലരെയും വിളിച്ചു നോക്കി,ഒരു ഫലവുമില്ല.അവസാനം മേടിച്ചുപോയില്ലേ…എന്ന് കരുതി ഞാനും അപ്പനും കൂടി അങ്ങ് ഇറക്കിയേക്കാം എന്ന് കരുതി വണ്ടിയേലോട്ടു കാലെടുത്തു കുത്തുകയും സ്ഥലത്തെ തൊഴിലാളി നേതാവ് സുഗുണന്‍ പറഞ്ഞു : “അച്ചായോ…ഇറക്കുന്നതൊക്കെ കൊള്ളാം.ഞങ്ങള്‍ക്കുള്ളത് ഇങ്ങു തന്നേക്കണം…”
അപ്പന് സന്തോഷമായി. “അതിനെന്താ..സുഗുണാ, ഡാ ഇറക്കിക്കോ..?” അപ്പന്‍ സുഗുണന് നേരെ കൈകൊട്ടു നീട്ടി. കൈകൊട്ടു കണ്ടതും സുഗുണന്‍ സൈക്കിളില്‍ ഒത്തി ഒത്തി പിറകോട്ടു നീങ്ങി. “അതുപറ്റില്ല…”
“ഉം…എന്തേ…?”
“ചാണകം…അയ്യേ…അതുവേണ്ട.അച്ചായന്‍ ഇറക്കിക്കോ..?” : സുഗുണന്‍ സന്തോഷത്തോടെ പറഞ്ഞു.
“അച്ചായന്‍ ഇറക്കും പക്ഷെ പൈസ തരൂല്ല. ചുമ്മാ കൊടുക്കാന്‍ അച്ചായന്റെ കൈയില്‍ കായില്ല.”
“എന്നാ അച്ചായന്‍ ഇറക്കത്തില്ല…!!”
“അതെന്നാ പണിയാ സുഗുണാ…നിന്നോട് ഇറക്കികോളാന്‍ പറഞ്ഞു, അതുനിനക്ക് വയ്യ. ഇറക്കാതെ കാശ് എങ്ങനെയാ തരിക.”
“അതൊന്നും ഞങ്ങള്‍ക്ക് അറിയേണ്ട…കാശ് കിട്ടണം…”
അവസാനം സുഗുണന്‍ അമ്പിനും വില്ലിനും അടുക്കില്ലാന്നു കണ്ടപ്പോള്‍ അപ്പന്‍ തന്നെ തോറ്റു. “ആട്ടെ..എന്നാ തരണം..?”
സുഗുണന്‍ താന്‍ പിടിചിടം ജയിച്ച മട്ടില്‍ പറഞ്ഞു:”അച്ചായന്‍ ആയതോണ്ട് ഞങ്ങള്‍ കൂടുതല്‍ ഒന്നും മേടുക്കുന്നില്ല.നമ്മള്‍ക്ക് നാളെയും അച്ചായന്റെ മൊകത്ത് നോക്കെണ്ടാതല്ലിയോ..? ഒരു ആയിരം രൂപ ഇങ്ങേടുത്തെരു”..!!
“ആയിരമോ..? എടാ ചാണകത്തിന് വെറും ആറുനുറു രൂപയേ ആയോള്ളല്ലോടാ..”
“അച്ചായാ..കാശെടുക്ക് ഞങ്ങക്ക് പോയിട്ട് വേറെ പണി ഉള്ളതാ…?”
ഇത് കേരളത്തിലെ ഇന്നത്തെ നോക്ക്കൂലി സമ്പ്രദായത്തിന്റെ നേര്‍ചിത്രം. ഒരു കാര്യം തുറന്നു പറയട്ടെ..!! ഇങ്ങനെ വെറുതെ മെയ്യനങ്ങാതെ വല്ലവന്റെയും ഓസി തിന്നുന്നവന്റെയും വീട്ടില്‍ ഒരു കാലത്തും ഗതിപിടിക്കാതെ എന്നും ചാവാലി പട്ടി കണക്കെ ഉള്ള ജീവിതമായിരിക്കും. ഇങ്ങനെ കിട്ടുന്ന കാശ് കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് വല്ലതും വാങ്ങി കൊടുത്താല്‍ തന്നെ അജീര്‍ണ്ണം ബാധിച്ചു അതുങ്ങള്‍ …(എന്താ അല്ലെങ്കില്‍ കുഞ്ഞുങ്ങളെ പറയുന്നത്.അവരെന്തു പിഴച്ചു.) വെറുതെ എന്തിനാ വല്ലവന്റെയും പ്രാക്കിനാല്‍ കിട്ടുന്ന കാശ് കൊണ്ട് ജീവിക്കുന്നത്. ഇതിലും ഭേദം ഭിക്ഷയെടുത്തു ജീവിച്ചു കുടെ..? അതിനൊരു അന്തെസെങ്കിലും കിട്ടും…!!
തൊഴിലാളികള്‍ അന്യായമായി നോക്കുകൂലിയും മറ്റും വാങ്ങിയാല്‍ അത് തിരികെ കൊടുപ്പിക്കുമെന്ന് സി.ഐ.ടി.യു. സംസ്ഥാനനേതൃത്വം തൃശ്ശൂരില്‍ നടന്ന സി.ഐ.ടി.യു. സംസ്ഥാനസമ്മേളനത്തില്‍ തീരുമാനം എടുത്തിട്ടുള്ളതാണ്. അത് എത്ര്യിടത് പാലിക്കപ്പെടുന്നുണ്ട്. അത് പാലിക്കാപ്പെടനമെന്നു നേതാക്കാന്‍മ്മാര്‍ക്ക് കൂടി തോന്നണം.അന്തസുള്ള തൊഴിലാളി സംഘടനകള്‍ അവരുടെ അണികളെ ചൊല്പടിക്കു നിര്‍ത്താനും കഴിവുല്ലവരായിരിക്കണം.അല്ലെങ്കില്‍ ജനത്തിന് മേല്‍ കുതിര കയറി മെയനങ്ങാതെ കാശ് തരമാക്കി കൊടുക്കുന്ന രീതി ശ്വാശ്വതമായി തന്നെ അവസാനിപ്പിക്കുവാന്‍ അതിനു നേതൃത്വം കൊടുക്കുന്നവര്‍ക്ക് ബാധ്യതയുണ്ട് എന്നാ കാര്യം വിസ്മരിക്കരുത്.
ജോലിക്ക് കൂലി.. ജോലിയെടുത്താല്‍ എടുത്ത ജോലിക്ക് കൂലി ലഭിക്കുകയും വേണം അത് ന്യായം. ജോലിയെടുക്കാതെ വെറുതെ “കോക്കി” നിന്ന് കാശ് കൈപറ്റുന്നത് (അതും ബലമായി) ഗുണ്ടായിസം അല്ലാതെ എന്താണ്…? ഒരിക്കലും ന്യായീകരിച്ചു കൊടുക്കുകാന്‍ പറ്റാത്ത ഒന്നാണ് നോക്കുകൂലി. സംഘടനാബലത്തിന്റെ കൈയ്യൂക്കില്‍ കാലങ്ങളായി തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന രീതിയാണ് നോക്കുകൂലി. തൊഴിലുടമ സ്വന്തം തൊഴിലാളികളെ നിര്‍ത്തി ചരക്കിറക്കിയാലും ആ പ്രദേശത്തെ അംഗീകൃത തൊഴിലാളിയൂണിയനുകളിലെ അംഗങ്ങള്‍ക്കുകൂടി കൂലിനല്‍കണമെന്ന അലിഖിതനിയമമാണ് നോക്കുകൂലി. വീടുമാറുമ്പോള്‍ വീട്ടുകാര്‍ തനിച്ച് കട്ടിലും അലമാരയുമൊക്കെ എടുത്തുവെച്ചാലും ഒരുകൂട്ടം തൊഴിലാളികള്‍ തൊഴിലവകാശവും കൂലിയും ആവശ്യപ്പെട്ട് പിറകെയെത്തും. അതിന് ചുവട് പിടിക്കാന്‍ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും.
കൊച്ചിയില്‍ എനിക്കറിയാവുന്ന നല്ലവരായ മനുഷ്യസ്നേഹികളായ ചുമട്ടു തൊഴിലാളികളെ എനിക്കറിയാം. അവരോടു ഉള്ള എല്ലാ ബഹുമാനവും വെച്ച് കൊണ്ട് തന്നെ പറയട്ടെ… നിങ്ങള്‍ കാട്ടുന്നത് അസല്‍ ഗുണ്ടായിസം തന്നെയാണ്. അന്യായമായ നോക്കുകൂലിസമ്പ്രദായം നാട്ടുകാര്‍ക്കുണ്ടാക്കുന്ന വിഷമത്തിന്റെ ആഴവും അവരുടെ മാനസികനിലയില്‍ വരുത്തുന്ന മാറ്റവും നിസാരമായി കാണരുതെന്ന് ഒരു അപേക്ഷ ഉണ്ട്. തൊഴിലാളികള്‍ സ്വയം തിരുത്തലിന് തയ്യാറായി ചീത്തപേരു മാറ്റി ഒരു നല്ല തൊഴിലാളി വര്ഗ്ഗബോധതിനു അടിത്തറ ഇടുന്നവരാകണം. രാഷ്ട്രീയനേതൃത്വം അതിനാവശ്യമായ മാര്‍ഗനിര്‍ദേശം അണികള്‍ക്ക് നല്കുകയും അത് ലഘിക്കുന്നവരെ അതെത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്തു നോക്കു..ഈ സമ്പ്രദായത്തെ അപ്പാടെ തുടച്ചു നീക്കുവാന്‍ കഴിയും. അതിനും സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി ഗുണ്ടാനിയമ വകുപ്പില്‍ പെടുത്തി കേസെടുത്തു ശിക്ഷ വാങ്ങി കൊടുക്കുകയാണ് വേണ്ടത്. എന്നിട്ടും നന്നായില്ലെങ്കില്‍ അതിനെ ശക്തമായി നേരിടാന്‍ ജനകീയ മുന്നണികള്‍ റുപീകരിച്ചു രാഷ്ട്രീയ പാര്‍ട്ടികളെ അകറ്റി നിറുത്തി ഈ പ്രശനത്തിന് ശ്വാശാത്ത പരിഹാരം കണ്ടേ മതിയാകു..!!
128 total views, 1 views today
ദിസ്ക്കസ് കമൻറ് സിസ്റ്റം വഴിയും, ഫേസ്ബുക്ക് ഐ.ഡി ഉള്ളവർക്ക് അതുവഴിയും അഭിപ്രായങ്ങൾ എഴുതാവുന്നതാണ്. താങ്കളുടെ അഭിപ്രായം അതെന്തു തന്നെയായാലും മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ തുറന്നെഴുതുക...അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഇവിടെ എഴുതുന്ന അഭിപ്രായങ്ങൾ തട്ടകം ബ്ലോഗിൻറെ അഭിപ്രായങ്ങൾ ആകണം എന്നില്ല.







